അസാധ്യം എന്നൊരു വാക്കില്ല; വികസിത കേരളമാണ് ലക്ഷ്യം: വി‍ഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി എത്ര വലുതായാലും അതിജീവിക്കുമെന്ന് കൂട്ടായ്മയിലൂടെ തെളിയിച്ചുവെന്നും വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിലൂടെയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും. വികസിത കേരളമെന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്തണം. കേന്ദ്രവും പദ്ധതിക്ക് അനുകൂലമായി നിന്നെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനം.

കമ്മിഷനിങ് ആറു മാസത്തിനുള്ളിലെന്ന് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ വന്നതുപോലുള്ള എട്ട് കപ്പലുകള്‍കൂടി അടുത്ത ദിവസങ്ങളില്‍ വരും. വിഴിഞ്ഞം പദ്ധതിക്കെതിരെ ചില വാണിജ്യലോബികള്‍ നീക്കം നടത്തി. നിര്‍മാണ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് പുലിമുട്ടിന് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഇടപെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.