ആറുവയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചു, നിലത്തേക്ക് വലിച്ചെറിഞ്ഞു; കൊല്ലം സ്വദേശിക്ക് 20 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

2021 നവംബര്‍ 30-നായിരുന്നു വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി പീഡിപ്പിച്ചത്. സംഭവം കണ്ടെത്തിയ അമ്മ ബഹളംവെച്ചെങ്കിലും പ്രതി കുട്ടിയെ വിട്ടില്ല. തുടര്‍ന്ന് അമ്മ നിലവിളിച്ച് നാട്ടുകാരെ കൂട്ടിയപ്പോള്‍ കുട്ടിയെ വീട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് പ്രതി രക്ഷപ്പെട്ടു. ഇതില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിനുശേഷം പ്രതിയെ ഭയന്ന് വീട്ടുകാര്‍ പരാതിനല്‍കിയിരുന്നില്ല. കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകനാണ് വീട്ടുകാരെയും കൂട്ടിയെത്തി പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയെന്ന് അറിഞ്ഞ പ്രതി പെണ്‍കുട്ടിയുടെ വീട്ടുകാരെ മര്‍ദിക്കുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുട്ടി സുരക്ഷിതമായിരിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി ആര്‍.രേഖ വിധി ന്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.