ആലുവ പീഡനം: 9 വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ആശ്വാസനിധി അനുവദിക്കും, മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട ഒൻപത് വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്.

ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറിൽ പെരുമ്പാവൂരി മോഷണ കേസിൽ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് മാസം 10നാണ് ഇയാള്‍ വിയൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.