ആൾക്കൂട്ട വിചാരണയുണ്ടായില്ല; ആദിവാസി യുവാവ് വിശ്വനാഥന്റെ ആത്മഹത്യയിൽ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തത് ആൾക്കൂട്ട വിചാരണയെത്തുടര്‍ന്ന് അല്ലെന്ന് ക്രൈംബ്രാഞ്ച്. കുഞ്ഞിനെ കാണാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്നുളള മനോവിഷമവും വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ.

കേസ് അവസാനിപ്പിച്ച് അന്വേഷണ സംഘം കോഴിക്കോട് ജില്ല കോടതിയിൽ റിപ്പോർ‍ട്ട് നൽകി. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വയനാട് കൽപ്പറ്റ സ്വദേശി വിശ്വനാഥനെ കഴിഞ്ഞ ഫെബ്രുവരി 10നാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ കൂട്ടിരിപ്പുകാർ തടഞ്ഞുവച്ചെന്നും സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തെന്നും ആരോപണമുയർന്നിരുന്നു.ഇതിലുളള മനോവിഷമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നായിരുന്നു പരാതി. എന്നാൽ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംഭവം നടന്ന് ഒരുവർ‍ഷമാകുമ്പോൾ ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.