ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യത്തിലെത്തി

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ വണ്‍ നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയന്‍റ് ഒന്നിലെ സാങ്കല്‍പിക ഭ്രമണപഥത്തില്‍ പേടകം എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

അഞ്ചുവര്‍ഷം ലഗ്രാഞ്ച് പോയന്‍റില്‍ തുടര്‍ന്ന് സൂര്യനെപ്പറ്റി പഠിക്കും. 2023 സെപ്റ്റംബർ 2ന് ആയിരുന്നു ആദിത്യയുടെ വിക്ഷേപണം. കൊറോണ, സൗരവാതം, പ്ലാസ്മ പ്രവാഹം, സൂര്യനിലെ കാന്തികമണ്ഡലം, വിവിധ സൗര പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ ലഭ്യമാക്കും.

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അര്‍പ്പണത്തിന്‍റെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഈ അപൂര്‍വനേട്ടത്തില്‍ രാജ്യത്തിനൊപ്പം അവരെ അഭിനന്ദിക്കുന്നു. ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് രാജ്യത്തെ പ്രധാനമന്ത്രി അറിയിച്ചു.