തിരുവനന്തപുരം: കെ ബി ഗണേഷ്കുമാറിനെ മന്ത്രിയാക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ്സ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേ അപമാനിക്കാൻ ശ്രമിച്ചയാളാണ്, തീരുമാനം എൽഡിഎഫ് പിൻവലിക്കണമെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.

നവകേരള സദസിന്റെ പ്രയോജനം എന്താണെന്ന ചോദിച്ച പ്രതിപക്ഷ നേതാവ്എൽഡി എഫ് പ്രചാരണമാണ് നടന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായികരിക്കുകയും ചെയ്തു. ഇപ്പോൾ സംയമനത്തെക്കുറിച്ച് എന്തിന് സംസാരിക്കുന്നു. ഹർത്താൽ നടത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ല, മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. എവിടെ നിന്നാണ് വിവരം ലഭിച്ചത്, മുഖ്യമന്ത്രിയ്ക്ക് ഭയമാണ്. നവകേരള സദസിൽ നടന്നത് ലഹരി ഗുണ്ട മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോൻ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.


‘മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ ഗണേഷ് കുമാറിനെതിരേ കോടതിയിൽ കേസ് നടക്കുകയാണ്. ആ വിഷയം അന്വേഷിച്ച സി.ബി.ഐയുടെ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ ഗൂഢാലോചന നടന്നുവെന്ന് പറയുന്നുണ്ട്. ആ ഗൂഢാലോചനയിലെ ഏറ്റവും പ്രധാന പങ്കാളിയാണ് ഗണേഷ് കുമാർ. അതുെകാണ്ട് അദ്ദേഹത്തെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽനിന്ന് ഇടതുമുന്നണിയും മുഖ്യമന്ത്രിയും പിൻമാറണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്’, സതീശൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിലുള്ള ആളാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന് ഏറ്റവും പ്രായംചെന്ന സമയത്താണ് ഒരു ഇല്ലാത്ത കേസിൽ കുടുക്കി അപമാനിക്കാൻ ശ്രമം നടത്തിയത്. ഇതുസംബന്ധിച്ച ഗൂഢാലോചനയിലെ പ്രധാന പങ്കാളിയെ മന്ത്രിയാക്കിക്കൊണ്ട് അധികാരത്തിൽ വരാൻ കഴിഞ്ഞതിന് പിണറായി നന്ദി പ്രകടിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.























