ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാമെന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് തോല്‍വി ; മുഖ്യമന്ത്രി

പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും തോറ്റതിന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെനിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ചിറ്റൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. മൈതാനത്ത് നടന്ന ചിറ്റൂര്‍ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിനിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാം എന്ന കോണ്‍ഗ്രസിന്റെ മിഥ്യാധാരണക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള നിലപാട് തെറ്റാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം നിലപാട് ബി.ജെ.പിക്ക് ഗുണമായി ഭവിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിലെ ഈ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി.യെ നേരിടുന്നത് ഞങ്ങള്‍ ഒറ്റയ്ക്ക് നിര്‍വ്വഹിച്ചുകളയും എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടിയെ നേരിടാനൊരുങ്ങുമ്പോള്‍ സമാനമനസ്‌കരായ എല്ലാവരുടെയും പിന്തുണ ആര്‍ജിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ട് തെറ്റുതിരുത്തി എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ തയ്യാറാവണം, മുഖ്യമന്ത്രി ആവശ്യപ്പെട്ടു.