കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി; ജീപ്പിനു ഇന്‍ഷുറന്‍സ് ഇല്ല, അപകടം അന്വേഷിക്കും

കണ്ണൂര്‍ : കാള്‍ടെക്സ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി അപകടം. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ പെട്രോളടിക്കുന്ന യന്ത്രം തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത് . കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത് . ജീപ്പിന് ഇന്‍ഷൂറന്‍സ് ഇല്ലെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തും.

സംഭവം അന്വേഷിക്കുമെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്നും കമ്മിഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.