കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് അരവിന്ദാക്ഷന്‍ അറസ്റ്റില്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയധ്യക്ഷനും വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗവുമായ പി ആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ അന്വേഷണസംഘം ഇഡി കസ്റ്റഡിയിലെടുത്തത്.

എ സി മൊയ്തീന്റെ വിശ്വസ്തനായ അരവിന്ദാക്ഷന് കേസിലെ ഒന്നാംപ്രതി സതീഷ്കുമാറുമായി ഉറ്റബന്ധമാണ് ഉള്ളത്. അരവിന്ദാക്ഷന്‍ മൂന്നുകോടിയുടെ ഇടപാടിന് സാക്ഷിയാണെന്നാണ് ഇ‍ഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ ഇഡി ഏഴുദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇഡി മര്‍ദിച്ചതായും അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവിനെ ഇഡി അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. അറസ്റ്റിലായ അരവിന്ദാക്ഷനെ ഇഡി വൈകാതെ കൊച്ചിയിലെത്തിക്കും. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് എ സി മൊയ്തീനെ അറസ്റ്റ് ചെയ്തതിന് തുല്യമാണെന്ന് അനില്‍ അക്കര പ്രതികരിച്ചു.