കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു: വീണാ ജോർജ്

കോഴിക്കോട്: കോഴിക്കോട് മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയില്‍ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇക്കാര്യം ഐ.സി.എം.ആര്‍ സ്ഥിരീകരിച്ചുവെന്ന് വയനാട്ടില്‍ വെച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

നിലവില്‍ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളില്‍ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇത് വലിയ സഹായമാവും.പൊതുവില്‍ മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവന്നത്. ഇപ്പോഴത്തെയുള്‍പ്പെടെ കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ അണുബാധകളിലും, അതോടൊപ്പം വവ്വാലുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലും ഇതേ തരത്തില്‍പ്പെട്ട വൈറസിനെ തന്നെയാണ് പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. ഇത്തവണ കോഴിക്കോട് ഉണ്ടായ രോഗാണുബാധയില്‍ ആറുപേരില്‍ രണ്ടു പേരാണ് മരണപ്പെട്ടത്.