കോഴിക്കോട് യുവതിയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി; പൊലീസ് കേസെടുത്തു

കോഴിക്കോട്: യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഷബ്നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ 120 പവന്‍ സ്വര്‍ണം തിരിച്ച് വേണമെന്നും ഷബ്‌ന ഭര്‍തൃവീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വര്‍ണം തിരിച്ച് നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും ഷബ്‌ന മരിച്ച ദിവസം ഭര്‍ത്താവിന്റ ബന്ധുക്കള്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് ആരോപണം.