ജാതി അധിക്ഷേപം നേരിട്ടെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍; ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്ത് എസ് സി-എസ് ടി കമ്മീഷൻ

തിരുവനന്തപുരം: പയ്യന്നൂര്‍ ക്ഷേത്രത്തില്‍ നേരിട്ട ജാതി അധിക്ഷേപത്തെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്ത് സംസ്ഥാന എസ് സി- എസ് ടി കമ്മീഷൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വെച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുടെ പേരറിയാത്തതിനാലാണ് വെളിപ്പെടുത്താതെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കി. ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാൻ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ മന്ത്രി എത്തിയ ദിവസം ക്ഷേത്രത്തിൽ പോയിട്ടില്ല. എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നും കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു. മേൽശാന്തിയുടെ പരിചയ കുറവും കാരണമായിട്ടുണ്ടാവാം. ആരെയും കുറ്റപ്പെടുത്താനില്ല. തന്ത്രിയെന്ന നിലയിൽ ബന്ധപ്പെട്ടവർ സമീപിച്ചാൽ മാത്രമെ വിഷയത്തിൽ ഇടപെടൂവെന്നും ക്ഷേത്രം തന്ത്രി പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.