കോഴിക്കോട്: നവകേരള സദസ്സില്‍ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂളിലെ കുട്ടികളെ നിര്‍ത്തേണ്ട എന്ന് പറഞ്ഞിട്ടും പലയിടത്തും കുട്ടികള്‍ വരുന്നുവെന്ന് പിണറായി വിജയന് പറഞ്ഞു. രാഷ്ട്രീയ വേർതിരിവ് നമ്മുടെ മനസ്സിൽ ആണല്ലോയെന്നും ഇളം മനസ്സില്‍ കള്ളമില്ലെന്നും കുട്ടികൾ അവരുടെ ജീവിതത്തിലെ പ്രധാന കാര്യം ആയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇറങ്ങേണ്ടെന്ന് പറഞ്ഞിട്ടും കുട്ടികള്‍ പരിപാടിക്കെത്തുകയാണ്. മന്ത്രിസഭ ഒന്നായി കാണാനുള്ള സന്തോഷം പങ്കിടുകയാണ് കുട്ടികള്‍. അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രതിപക്ഷത്തിൻ്റെ ബഹിഷ്കരണം നാട് സ്വീകരിച്ചിട്ടില്ലെന്നും അതിൻ്റെ തെളിവാണ് ജനക്കൂട്ടമെന്നും കുറ്റ്യാടി മേന്മുണ്ടയില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വരുന്ന വഴികളിലെല്ലാം ആളുകൾ കാത്തു നിൽക്കുകയാണ്. കുഞ്ഞുങ്ങൾ വരെ സ്കൂൾ വിട്ട ശേഷം റോഡു സൈഡിൽ കാണാൻ കാത്തു നിൽക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.























