പത്തനംതിട്ടയില്‍ എട്ടും മൂന്നരയും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് 100 വർഷം തടവ്

പത്തനംതിട്ട: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പത്തനാപുരം പുന്നല സ്വദേശി വിനോദിനാണ് ശിക്ഷ വിധിച്ചത്.

അഞ്ച് വകുപ്പുകളിലായാണ് ജഡ്ജി എ. സമീര്‍ വിധി പ്രഖ്യാപിച്ചത്. 100 വര്‍ഷമാണ് അഞ്ചു വകുപ്പുകളിലായി വരുന്നതെങ്കിലും ഇയാള്‍ക്ക് 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസില്‍ പിഴ തുക അടയ്ക്കാതിരുന്നാല്‍ പ്രതി രണ്ടു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.

രണ്ടു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയാണ് രണ്ടാം പ്രതി. രാജമ്മയെ കോടതി താക്കീതു നല്‍കി വിട്ടയച്ചു. മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ആ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. 2021 ഡിസംബര്‍ 18-നാണ് ഇളയകുട്ടി പീഡനത്തിരയായത്.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കവെ ജീവിതത്തില്‍ കള്ളം പറയരുത് എന്നുള്ളതാണ് ഗാന്ധിജി നല്‍കുന്ന ജീവിത സന്ദേശം എന്ന് പറഞ്ഞതോടെയാണ് അമ്മയോട് എട്ടുവയസുകാരി താനും അനുജത്തിയും നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.