പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: പമ്പാ നദിയിലെ മുണ്ടപ്പുഴ പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. നാലുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പത്തനംതിട്ട റാന്നിയില്‍ ഉച്ചകഴിഞ്ഞ് 3.40-ഓടെയായിരുന്നു അപകടം.

റാന്നി ഉതിമൂട് കരിംകുറ്റിക്കല്‍, പുഷ്പമംഗലത്ത് വീട്ടില്‍ അനില്‍ കുമാര്‍ (50), മകള്‍ നിരഞ്ജന (17), അനില്‍ കുമാറിന്റെ സഹോദരന്‍ സുനിലിന്റെ മകന്‍ ഗൗതം (15) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സുനില്‍ കുമാറിന്റെ സഹോദരി ആശയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്.

ഗൗതമാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അനില്‍കുമാറും മകള്‍ നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.