ബിടിഎസിനെ കാണാന്‍ 14,000 രൂപയുമായി 13-കാരികള്‍ കൊറിയയിലേക്ക്; വീടുവിട്ട പെണ്‍കുട്ടികളെ കണ്ടെത്തി

ചെന്നൈ : കെ- പോപ് ഗായകസംഘമായ ബി.ടി.എസിനെ കാണാന്‍ കൊറിയയിലേക്ക് പോകാനായി വീടുവിട്ടിറങ്ങിയ തമിഴ്‌നാട് സ്വദേശികളായ 13 വയസുള്ള മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. രണ്ടുദിവസം മുമ്പാണ് മൂന്നംഗ സംഘത്തെ കാണാതായത്. പെണ്‍കുട്ടികള്‍ തിരിച്ചുവരാന്‍ ഒരുങ്ങവെയാണ് പോലീസ് കണ്ടെത്തുന്നത്. കുടുക്കപൊട്ടിച്ചു ശേഖരിച്ച 14,000 രൂപയുമായാണ് ഇവര്‍ കൊറിയയിലേക്ക് പോകാനായി വീടുവിട്ടിറങ്ങിയത്.

ഈറോഡില്‍നിന്ന് ചെന്നൈയിലെത്തിയശേഷം എങ്ങനെയെങ്കിലുംവിശാഖപട്ടണത്തേക്ക് തിരിക്കുക. ഇവിടെനിന്ന് കപ്പല്‍ മാര്‍ഗം ദക്ഷിണകൊറിയയില്‍ എത്താനായിരുന്നു പ്ലാന്‍. കരൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ചെന്നൈയില്‍ എത്തിയ കുട്ടികള്‍ 1,200 രൂപ വാടകയ്ക്ക് താമസിച്ചു. ചെന്നൈയില്‍ എത്തിയതോടെ കുട്ടികള്‍ തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു. ഇതേസമയത്ത്, പോലീസ് കേസ് അന്വേഷണം ആരംഭിച്ചിരുന്നു.

ചെന്നൈയില്‍നിന്ന് ഈറോഡിലേക്ക് ട്രെയിന്‍ കയറിയ സംഘം ഭക്ഷണം വാങ്ങാന്‍ കാട്പാഡിയില്‍ ഇറങ്ങി. ഇവിടെവെച്ച് ട്രെയിന്‍ മിസായി. രാത്രി റെയില്‍വേ സ്റ്റേഷനില്‍ കണ്ട പെണ്‍കുട്ടികളെ റെയില്‍വേ പോലീസ് കൂട്ടിക്കൊണ്ടുപോവുകയും വെല്ലൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ തുടരുന്ന കുട്ടികളെ രക്ഷിതാക്കളെത്തി അവര്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം ഒപ്പം വിട്ടയക്കും.