തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം. കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് അന്വേഷണ ഉത്തരവിട്ടത്. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സിഎംആര്‍എല്‍, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങളും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.

രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ എക്സാലോജിക്കിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റാർ ഓഫ് കമ്പനീസിന് പരാതി കിട്ടിയിരുന്നു. ബെംഗളൂരു രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, എക്സാലോജിക്കിൽ പലതരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. എറണാകുളം രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തിയ അന്വേഷണത്തിൽ, സിഎംആർഎല്ലും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിൽ ഡെവലെപ്മെന്റ് കോർപ്പറേഷനും നൽകിയ മറുപടികളിൽ പൊരുത്തക്കേടുകളും കണ്ടെെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദ അന്വേഷണത്തിനുള്ള ഉത്തരവ്. മുന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള ആർഓസി ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ്കണ്ടെത്തിയിരുന്നു.

























