യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും പോലീസുകാര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്. രണ്ട് ഉദ്യോഗസ്ഥരുടെ വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജ് ഉത്തരവിറക്കി. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച അംഗരക്ഷകര്‍ക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്.

വെള്ളിയാഴ്ചയായിരുന്നു ആലപ്പുഴയിലെ കൈതോലയില്‍ മുഖ്യമന്ത്രിയുടെ നവകേരള ബസ് കടന്നുപോയപ്പോള്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ടിനുണ്ടായിരുന്ന പോലീസുകാരും ചേര്‍ന്ന് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ഗണ്‍മാന്‍ അനില്‍ കല്ലിയൂരിന്റെയും എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്റെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടുപേരുടെയും വീടുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജ് ഉത്തരവിറക്കിയത്.