വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ അച്ഛനെ കുത്തിയ കേസ്; കോടതി വെറുതെവിട്ട അർജുന്റെ ബന്ധു കസ്റ്റഡിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ വിചാരണക്കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവായ പാൽരാജാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ പട്ടണത്തിലെ പശുമലയിൽ രാവിലെയാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം പാൽ‌രാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രതിയായിരുന്ന അർജുൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയിരുന്നു.