വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ വഴക്കും ബഹളവും നടക്കുന്നത്; രാജകുടുംബാംഗം

തിരുവനന്തപുരം: വാസ്തു ശരിയല്ലാത്തതുകൊണ്ടാണ് നിയമസഭാ മന്ദിരത്തില്‍ എപ്പോഴും വഴക്കും ബഹളവും നടക്കുന്നതെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ്. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകോത്സവം 2023’ സെമിനാറില്‍ സംസാരിക്കവേയാണ് നിയമസഭയെ പരോക്ഷമായി പരാമര്‍ശിക്കുന്ന പ്രസ്താവന ഗൗരി ലക്ഷ്മിഭായ് നടത്തിയത്.

വാസ്തു നോക്കാത്തതുകൊണ്ട് അവിടെ ചേരുന്ന എല്ലാ യോഗങ്ങളിലും വഴക്ക് നടക്കുന്നതെന്നും ഗൗരി ലക്ഷ്മിഭായ് പറഞ്ഞു.
‘വാസ്തുവിനെപ്പറ്റി മോശമായി പറയുന്ന പല ആളുകളുമുണ്ട്, അത് അവരുടെ ഇഷ്ടം. പക്ഷേ കേരളത്തില്‍ തന്നെയുള്ള ഒരു സ്ഥാപനം ഉണ്ട്. ആ സ്ഥാപനം വാസ്തു നോക്കാതെ തെറ്റായി നിര്‍മിച്ചതാണ്. അത് കെട്ടിയപ്പോള്‍ തൊട്ട് ഇന്നേവരെ അവിടെ വഴക്കില്ലാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് സംശയമാണ്. കൂടുതല്‍ ഞാന്‍ പറയുന്നില്ല, ഞാനെന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും അത് എടുത്ത് പത്രത്തില്‍ കൊടുക്കുമെന്നും അവര്‍ പറയുന്നു.