‘വേറെ ഒരു പണിയില്ലടെ? നീയൊക്കെ എന്നും തെണ്ടാൻ പോ’; മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ്

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. സെക്രട്ടറിയേറ്റിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ ദത്തനെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അദ്ദേഹം കയര്‍ത്തത്.

‘വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നീയൊക്കെ എന്നും തെണ്ടാൻ പോ’എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം.

യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ എം സി ദത്തനെ പൊലീസ് തടഞ്ഞു. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്. ഇതിനുശേഷമായിരുന്നു മൈക്കുമായി നിന്ന മാധ്യമപ്രവര്‍ത്തകരോട് ശാസ്ത്ര ഉപദേഷ്ടാവിന്റെ തരംതാണ പ്രയോഗം.