അയോദ്ധ്യ: ഭക്തരുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ഇന്ന് നടക്കും.11.30നാണ് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും.

കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അധിവാസ, അനുഷ്ഠാനങ്ങൾ ഈമാസം 16-നാണ് തുടങ്ങിയത്. വിവിധ നദികളിൽനിന്നും പുണ്യസ്ഥലങ്ങളിൽനിന്നും ശേഖരിച്ച 114 കലശങ്ങളിൽ നിറച്ച വെള്ളംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്നാനം നടത്തിയത്.

























