തിരുവനന്തപുരം: കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ നൽകാൻ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്. ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി.

ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക്മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് ഗവർണർ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്ഐക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവർണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ മാത്രമാണ് എസ്എഫ്ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്ഐആർ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.























