കുടകിൽ മലയാളി കുടുംബം റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

കർണാടകയിലെ കുടകിലെ റിസോർട്ടിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37), മകളായ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നു.

സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്. വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. കുട്ടി കിടക്കയിൽ മരിച്ച നിലയിലും.

മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.