തിരുവനന്തപുരം: ഹെലിടൂറിസം പദ്ധതിയുമായി കേരള വിനോദസഞ്ചാര വകുപ്പ്. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഈ മാസം 30 ന് നെടുമ്പാശേരി സിയാലില്‍ വെച്ച് തുടക്കമിടും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കാന്‍ ഹെലിടൂറിസം പദ്ധതി വിനോദസഞ്ചാരികളെ പ്രാപ്തരാക്കുമെന്ന വിലയിരുത്തലിലാണ് വകുപ്പ്.

ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഈ പദ്ധതി അവസരമൊരുക്കും.


‘ലോകമാനമുള്ള വിനോദസഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസൃതമായി പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലെത്താനുള്ള ശ്രമത്തിലാണ് കേരള ടൂറിസം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയെടുക്കാന്‍ ഈ ഉത്പന്നങ്ങള്‍ക്കെല്ലാം തന്നെ സാധിച്ചിട്ടുണ്ട്. ഇവയില്‍ ഒടുവിലത്തേതാണ് ഹെലിടൂറിസം. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ടൊരു സഞ്ചാര അനുഭവം ഹെലിടൂറിസത്തിലൂടെ സാധ്യമാകുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.























