‘കേരളത്തിലെ അമ്മമാരെ, സഹോദരിമാരെ’ മലയാളം പറഞ്ഞ് മോദി; പ്രൗഢോജ്വലമായ സ്വീകരണം നൽകി തൃശ്ശൂർ

തൃശ്ശൂർ: ബിജെപിയുടെ മഹിളാസമ്മേളനത്തിനായി തേക്കിൻകാട് മൈതാനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീരമായ സ്വീകരണം നൽകി തൃശ്ശൂർ. സ്വരാജ് റൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്. കേരളത്തിലെ എന്‍റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്‍റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞു. കാശിയിൽ നിന്നു വരുന്ന താന്‍ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കെ. സുരേന്ദ്രനും സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. പിന്നീട് റോഡ് ഷോയ്ക്ക് ശേഷം വേദിയിലേക്ക് തയ്യാറാക്കിയ പാതയിലൂടെ, സദസ്സില്‍ തടിച്ചു കൂടിയ മഹിളാ പ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ പ്രധാനമന്ത്രി വേദിയിലെത്തി. പുഷ്പവൃഷ്ടിയോടെയാണ് പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

പ്രധാനമന്ത്രിക്കായി തൃശ്ശൂരില്‍ മിനി പൂരവുമൊരുക്കിയിരുന്നു. 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കിയ നേതാവെന്ന് പ്രകീര്‍ത്തിച്ചാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്. ശോഭന, മിന്നുമണി, ബീനാ കണ്ണൻ, പി.ടി.ഉഷ, ഉമാ പ്രേമൻ, മറിയക്കുട്ടി തുടങ്ങി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച എട്ടു പ്രമുഖ സ്ത്രീകളാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിൽ മുൻനിരയിലുണ്ടായിരുന്നത്. മഹിളാ സമ്മേളനവേദിയില്‍ 42 പേരോളമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കള്‍ മാത്രമേ വേദിയിലുണ്ടായിരുന്നുള്ളൂ. ബാക്കിയുണ്ടായിരുന്നവരെല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരുന്നു.

സദസ്സിന്റെ മുന്‍നിരയിലും ക്ഷണിക്കപ്പെട്ട വനിതകളാണ് സ്ഥാനംപിടിച്ചത്.