ഗതാഗത വകുപ്പ് അടിമുടി നവീകരിക്കും, അഭിനയം മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രം’: ഗണേഷ് കുമാർ

തിരുവനന്തപുരം: ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുഗതാഗതത്തെ മെച്ചപ്പെടുത്താൻ മനസിൽ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശയം മുഖ്യമന്ത്രി അംഗീകരിച്ചാൽ കേരളത്തിലെ മുക്കിലും മുലയിലും ജനങ്ങൾക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അസാധ്യമായി ഒന്നുമില്ലെന്ന് പറഞ്ഞ കെ ബി ഗണേഷ് കുമാർ, തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താൽ ഉദ്ഘാടനങ്ങൾക്കും മറ്റും പോകില്ല. മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയിൽ അഭിനയിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

2001 മുതൽ പത്തനാപുരത്തിൻറെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാർ. 2001 ൽ എ കെ ആൻറണി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങൾക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ൽ ഉമ്മൻചാണ്ടി സർക്കാരിൽ വനം, കായികം, സിനിമ എന്നി വകുപ്പുകളുടെ മന്ത്രിയായി.