തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിനെ റിമാൻഡ് ചെയ്തു. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബർ 21 വരെ പ്രതിയെ റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്.

ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. റുവൈസ് സ്ത്രീധനം ചോദിച്ചതിന് തെളിവുകൾ ലഭിച്ചതായി പോലീസും പ്രതികരിച്ചിരുന്നു. അതേസമയം, പ്രതിയുടെ ഫോണിൽനിന്ന് ചില ചാറ്റുകൾ നീക്കംചെയ്തതായി സൂചനയുണ്ട്. ഇത് വീണ്ടെടുക്കാനായി പോലീസ് സൈബർ ഫൊറൻസിക് വിഭാഗത്തെ സമീപിക്കും.


തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ളാറ്റിൽ ഷഹനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. രാത്രി സർജറി ഐ.സി.യു.വിൽ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാൽ സഹപാഠികൾ അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മർദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ ഉയർന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവർ ചോദിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്.























