ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്; പൂജാരിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ജാതിവിവേചന വിഷയത്തില്‍ യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കില്‍ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കില്‍ അമ്പലം മുഴുവന്‍ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു.

അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാല്‍ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോള്‍ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കല്‍പ്പിക്കുന്ന ഏതു രീതിയോടും യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാര്‍ക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു. ജാതി വ്യവസ്ഥയുടെ ദുരന്തങ്ങള്‍ അടുത്തകാലത്തായി കൂടുകയാണെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.