പത്തനംതിട്ടയിൽ ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു മരണം, ഒരാള്‍ക്ക് പരിക്ക്

പത്തനംതിട്ട: ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ്. പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പത്തനംതിട്ട കോഴഞ്ചേരി റോഡില്‍ തിങ്കളാഴ്ച രാവിലെ 6.45-നായിരുന്നു അപകടം.

കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗാനമേളയ്ക്കുശേഷം സൗണ്ട് സിസ്റ്റവുമായി ആലപ്പുഴ ഭാഗത്തേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. മരിച്ച അഖിൽ ​ഗാനമേള ട്രൂപ്പിലെ അം​ഗമാണ്. അപകടസ്ഥലത്ത് വെച്ച തന്നെ രണ്ടു പേരും മരിച്ചിരുന്നു. ഒരാളെ ​​ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു. ഡ്രൈവർമാർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.