മാധ്യമപ്രവർത്തകയോട് അപമര്യാദയായ പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം തയാർ

കോഴിക്കോട്∙ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം തയാറായി. കൂടുതൽ വകുപ്പുകൾ ചേർത്തെന്നാണ് സൂചന. മനഃപൂർവം സ്പർശിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 354 വകുപ്പ് പൂർണമായും ചുമത്തി. 354 എ 1, 4 വകുപ്പുകളാണ് നേരത്തേ ചുമത്തിയിരുന്നത്.

ഒക്ടോബർ 27ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും നടന്നില്ല. നവകേരള സദസ്സ് കഴിഞ്ഞതിനാൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് നീക്കം.