മാവേലിക്കരയിൽ ആറുവയസ്സുകാരിയായ മകളെ വെട്ടി ക്കൊ ന്ന പിതാവ് ജയിലിലേക്ക് കൊണ്ടുപോകുംവഴി ട്രെയിനിൽ നിന്ന് ചാടി മരിച്ചു

കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരിയായ മകളെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്.

വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിനിൽ നിന്നാണ് ചാടിയത്. മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, കൊലപ്പെടുത്തുകയായിരുന്നു. ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.