മൂന്നാറില്‍ ജാർഖണ്ഡുകാരിയെ പീഡിപ്പിച്ച കേസ്; പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

ഇടുക്കി: മൂന്നാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവ ശേഷം ഇവര്‍ ഒളിവിലാണ്. ഝാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്‍ജോയ്ക്കും ആണ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇതരസംസ്ഥാനക്കാരായ സെലന്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയും ഝാര്‍ഖണ്ഡ് സ്വദേശിനിയാണ്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രതി 12 കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി വീട്ടുകാർക്ക് മനസ്സിലായത്. പിന്നാലെ വീട്ടുകാർ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. വീട്ടുകാർ പരാതി നൽകിയെന്ന് മനസിലാക്കിയ പ്രതി സ്ഥലം വിട്ടു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സെലനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.