മൊബൈൽ ഫോണുമെടുത്ത് റോഡിലേക്കിറങ്ങി; മലപ്പുറത്ത് ബൈക്കിടിച്ച് മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് മൂന്ന് വയസുകാരി ബൈക്കിടിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരറിയാതെ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞിനെ ബൈക്കിടിക്കുകയായിരുന്നു. പരതക്കാട് കുണ്ടിൽപീടിക അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ ഏക മകൾ ഇസാ എസ്വിൻ ആണ് മരിച്ചത്. കൊണ്ടോട്ടി ഭാഗത്തുനിന്ന് എടവണ്ണപ്പാറ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കാണ് അപകടത്തിനിടയാക്കിയത്. വീട്ടിൽ നിന്നും കുട്ടി റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയപ്പോഴാണ് വാഹനം ഇടിച്ചത്.

കുട്ടിയെ കാണാതെ വീട്ടുകാർ തിരയുന്നതിനിടെയാണ് വീട്ടുകാർ അപകടവിവരം അറിയുന്നത്. ബൈക്കിടിച്ച് തെറിച്ച് വീണ ഇസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.