
പെരുമ്പാവൂർ: മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറുമാസത്തേക്കാണ് സ്റ്റേ. മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നല്‍കിയത്. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്.


ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് ഓഗസ്റ്റിൽ പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷമായിരുന്നു കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.























