ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേർട്ടുള്ളത്.

നാളെ എറണാകുളം ജില്ലയിലും മഞ്ഞ അലേർട്ടുണ്ട്. ശ്രീലങ്കക്ക്‌ സമീപമുള്ള ചക്രവാതചുഴിയുടെ സ്വാധീനത്തിൽ തെക്കൻ ജില്ലകളിലാണ് മഴ കനക്കുക. തീര മേഖലകളിലുള്ളവരും മലയോര മേഖലകളിലുള്ള വരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാത്രി മുതൽ മഴ കിട്ടുന്നുണ്ട്. തിരുവനന്തപുരം പൗണ്ട്കടവ് പുളിമുട്ടത്ത് തെറ്റിയാറിൽ ജലനിരപ്പ് ഉയർന്നതോടെ നാലു വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.