ശബരിമലയിലെ തിരക്ക് ; ഗുരുതര കൃത്യവിലോപമെന്ന് സതീശൻ, തീര്‍ഥാടകരോടുളള പരമദ്രോഹമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഗുരുതര കൃത്യവിലോപമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. പ്രതിപക്ഷ സംഘം പമ്പയിലെത്തി സ്ഥിതി വിലയിരുത്തും. തീര്‍ഥാടകരോട് സര്‍ക്കാര്‍ ചെയ്തത് പരമദ്രോഹമാണെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

എന്നാൽ തിരക്ക് നിയന്ത്രിക്കാനായെന്നും പല വഴികളിലൂടെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാനാവില്ലെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചത്. ഭക്തരുടെ വലിയ തിരക്കും വ്യാപക പരാതികളും ഉയർന്ന സാഹചര്യത്തിൽ യുഡിഎഫ് സംഘം ഉടൻ ശബരിമല സന്ദർശിക്കും. ശബരിമലയിൽ സർക്കാറിന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മണ്ഡലകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്ന പതിവ് ഇത്തവണ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ വിമർശം. പരിചയസമ്പന്നരായ പൊലീസുകാരെ ശബരിമലയില്‍ നിയോഗിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

അതേസമയം ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും.