സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. കൂടുതൽ പേരുമായി സമ്പർക്കമില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് പറഞ്ഞു. ആശുപത്രിയിൽ കൂട്ടിരുന്ന ബന്ധു ഉൾപ്പെടെയുള്ളവരുടെ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ പാനൂരിലും കോവിഡ് ബാധമുള്ള മരണം സ്ഥിരീകരിച്ചിരുന്നു. പാനൂർ: പോലീസ് ക്വാർട്ടേഴ്സിന് സമീപം മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ള (83) ആണ് മരിച്ചത്. ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.