കൊച്ചി: സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീധനം ചോദിക്കാനോ വാങ്ങാനോ പാടില്ലായെന്ന പൊതുബോധം സമൂഹത്തിനുണ്ടാകണം. സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


അറസ്റ്റിലായ ഡോ. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്.























