ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ 2 നഴ്സുമാരും 2 ഡോക്ടറർമാരും പ്രതികളെന്ന് 750 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ 60 സാക്ഷികളാണുള്ളത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. 2017 ൽ നടത്തിയ എംആർഐ സ്കാനിങ് ആണ് അന്വേഷണത്തിൽ നിർണ്ണായക തെളിവായത്. ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് മെഡിക്കൽ കോളജിൽ നിന്ന് തന്നെയെന്നും മെഡിക്കൽ ബോർഡിന്റെ വാദം ശരിയല്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ഡോക്ടർമാർക്കും നഴ്സുമാർക്കും വീഴ്ച സംഭവിച്ചെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമെന്നും എസിപി വ്യക്തമാക്കി.