മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകർത്തിയ പോക്‌സോ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങൾ പകർത്തിയത്.

തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതൽ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവർഷമായി പീഡനം തുടരുകയായിരുന്നു. കൂടാതെ, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി നൽകണമെന്നും കുട്ടിയോട് ഇവർ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങൾ വെച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. ഇതേത്തുടർന്നാണ് ഇപ്പോൾ 19 വയസ്സുള്ള യുവാവ് തിരൂർ പൊലീസിൽ പരാതി നൽകിയത്. പരാതി അന്വേഷിച്ച പൊലീസ് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും സത്യഭാമയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവതിയെ റിമാൻഡ് ചെയ്തു.

























