54 ലക്ഷം പൊതിച്ചോറുകൾ, രക്തം ആവശ്യം വരുമ്പോൾ ഓടിയെത്തിയും ആംബുലൻസുകൾ എത്തിച്ചും ഡി വൈ എഫ് ഐ ഒപ്പമുണ്ട് ; ചിന്ത ജെറോം

കൊല്ലം: ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്പർശം കൊല്ലത്ത് എട്ടാം വർഷത്തിൽ. 2555 ദിവസങ്ങൾ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തതായി ഡി വൈ എഫ് ഐ അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകൾ വിതരണം ചെയ്ത് ഡി വൈ എഫ് ഐ എന്ന നാലക്ഷരം ഈ നാടിൻറെ സ്നേഹമായി മാറിയെന്ന് ചിന്ത ജെറോം പറഞ്ഞു.

ജില്ലാ ആശുപത്രിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡി വൈ എഫ് ഐ പ്രവർത്തകർ വീടുകളിൽ എത്തുമ്പോൾ, കുടുംബാംഗങ്ങൾ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതൽ പൊതിച്ചോറുകൾ തയ്യാറാക്കി കാത്തിരിക്കാറുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു.

രക്തം ആവശ്യം വരുമ്പോൾ ഓടിയെത്തിയും ആംബുലൻസുകൾ എത്തിച്ചും ഡി വൈ എഫ് ഐ രോഗികളുടെ ഒപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതൊക്കെ ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും അത് കഴിഞ്ഞ ഏഴ് വർഷമായി ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം പ്രതികരിച്ചു.