
വയനാട്: വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തത് ലോൺ ആപ്പിന്റെ ഭീഷണി മൂലമെന്ന് സംശയം. അരിമുള സ്വദേശി അജയ് രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ അജയ് രാജിനെ കണ്ടെത്തിയത്. അജയ് ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു എന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കൾവെളിപ്പെടുത്തി.


ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിനെ തുടര്‍ന്ന് കടമക്കുടിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നും ഈ വാര്‍ത്ത പുറത്തുവരുന്നത്. ഇന്നലെ രാത്രിയാണ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് അജയ് രാജിന്റെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ എത്തുന്നത്. അതോടു കൂടിയാണ് എല്ലാവർക്കും സംശയമുണ്ടായത്. ലോൺ ആപ്പിൽ നിന്നും 5000 രൂപ വായ്പ എടുത്തു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ ഫോൺ മീനങ്ങാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കൂടാതെ ഇയാൾക്ക് മറ്റ് സാമ്പത്തിക ബാധ്യത കൂടി ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.
ലോട്ടറി വില്പനക്കാരനാണ് അജയ് രാജ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.























