നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ മദ്യപിച്ചെത്തി മകളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു; എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ ബേക്കറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. നെടുമ്പാശ്ശേരിയിലെ ഗ്രേഡ് എസ്.ഐ.യായ സുനിലിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വൈദ്യപരിശോധനയില്‍ എസ്.ഐ. മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ നെടുമ്പാശ്ശേരി സി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടും വ്യാഴാഴ്ച എസ്.പി.ക്ക് കൈമാറും.

നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനില്‍, കോഴിപ്പാട്ട് ബേക്കറി ആന്‍ഡ് കൂള്‍ ബാറില്‍ കയറിയാണ് ആക്രമണം നടത്തിയത്. കടയുടമ കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, മകള്‍ മെറിന്‍, സഹായി ബൈജു, വ്യാപാരിയായ ജോണി എന്നിവരെ എസ്.ഐ. മര്‍ദിച്ചതായാണ് ആരോപണം.

കടയുടമയായ കുഞ്ഞുമോന്‍ രാത്രി എട്ടരയോടെ കട അടച്ച് വീട്ടിലേക്ക് പോകാനായി തുടങ്ങുമ്പോഴായിരുന്നു പോലീസ് എത്തിയത്. മദ്യപിച്ച് കടയിലെത്തിയ എസ്.ഐ. കടയിലുണ്ടായിരുന്ന ആളുടെ മുഖത്തടിക്കുകയായിരുന്നു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച കടയുടമ കുഞ്ഞുമോനെ ഇയാള്‍ ചൂരല്‍വടികൊണ്ടും മര്‍ദിച്ചു. പിന്നാലെ അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരല്‍വടി കൊണ്ട് പൊതിരെതല്ലുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോള്‍ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് എസ്.ഐ.യെ പിടിച്ചുവെക്കുകയായിരുന്നു.