
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖില്‍ മാത്യു നിരപരാധിയാണെന്ന് മന്ത്രിയുടെ പത്തനംതിട്ട ഓഫീസ് സെക്രട്ടറി തോമസ് ചാക്കോ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു തിരുവനന്തപുരത്ത് ഇല്ലായിരുന്നുവെന്നാണ് തോമസ് ചാക്കോ പറയുന്നു.


ഏപ്രിൽ പത്തിന് അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഉച്ചയ്ക്ക് കല്യാണത്തിനും വൈകിട്ട് റിസപ്ഷനിലും അഖിൽ പങ്കെടുത്തിരുന്നുവെന്ന് തോമസ് ചാക്കോ പറഞ്ഞു. മന്ത്രിയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും തോമസ് ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, പണംവാങ്ങിയത് അഖിൽ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് പരാതിക്കാരനായ ഹരിദാസൻ പറയുന്നു.
രണ്ടരയ്ക്ക് ശേഷമാണ് പണം കൈമാറിയതെന്നാണ് പരാതിക്കാരനായ ഹരിദാസന് ആരോപിച്ചിരുന്നത്. അന്നേദിവസം 3.30 മുതൽ അഖില്‍ മാത്യു മൈലപ്രയിലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഖിലിനൊപ്പം മന്ത്രി വീണ ജോര്‍ജും ചടങ്ങിൽ പങ്കെടുത്തിരുന്നു.രണ്ടരയ്ക്ക് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ആൾക്ക് 3.30-ന് പത്തനംതിട്ടയിൽ എത്തിച്ചേരാൻ ആവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കാഴ്ചപരിമിതിയുണ്ടെന്നും അതിനാൽ തന്നെ ഇയാൾത്തന്നെയാണോ പണംവാങ്ങിയതെന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്നും വീഡിയോ പുറത്തുവന്നശേഷം ഹരിദാസൻ പ്രതികരിച്ചു.























