കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പദയാത്രക്കിടെ കൈയ്യാങ്കളി

കരുനാഗപ്പള്ളി : കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽത്തല്ല്. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.

തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായത്. ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്.

പദയാത്ര ആലുംകടവിൽ എത്തുന്നതിന് മുൻപുതന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങി. ജാഥ എത്തിയതോടെ ഇരുചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലുഭാഗത്തേക്കും ചിതറി ഓടി. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ എതിർപക്ഷത്തും അണിനിരന്ന് പരസ്പരം വാക്കുതർക്കവും കയ്യാങ്കളിയിലും എത്തുകയായിരുന്നു.