ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ചു ; കർശന നിർദേശവുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിൽ ആര്‍എസ്എസിന്റെയും തീവ്രാശങ്ങള്‍ പ്രചരിക്കുന്ന സംഘടനകളുടെയും പ്രവര്‍ത്തിനങ്ങളും ആയുധ പരിശീലനവും നിരോധിച്ച് തിരുവിതാംകൂർ ദേവസ്വം ബോ‌ർഡ്. ആയോധന പരിശീലനം, മാസ് ഡ്രിൽ എന്നിവ കണ്ടാൽ കർശന നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർക്കും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്കും സബ് ഗ്രൂപ്പ് ഓഫീസർമാർക്കും ബോർഡ് ഉത്തരവിലൂടെ നിർദേശം നൽകി.

ബോർഡിനെതിരെ നാമജപഘോഷം എന്ന പേരിലോ മറ്റേതെങ്കിലോ പേരിലോ ക്ഷേത്രഭൂമിയി ഉപദേശകസമിതികള്‍ ഉള്‍പ്പടെയുള്ളവർ പ്രതിഷേധയോഗം സംഘടിപ്പിക്കുന്നതും നിരോധിച്ചതായി ദേവസ്വം കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്ര ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന സംഘടനകള്‍ ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നുണ്ട്. ആയുധ പരിശീലനം ഉള്‍പ്പെടെ ക്ഷേത്ര ഭൂമിയില്‍ നടത്തുന്നുവെന്നുമാണ് ദേവസ്വം കമ്മീഷണറുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കര്‍ശന നിലപാടുമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടാകരുതെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമിയിലെ അനധികൃതമായ എല്ലാ കൂട്ടായ്മകളും നിരോധിച്ചു.