കോട്ടയം: കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഹൃദയഘാതം ഉണ്ടാവുകയും കിഡ്നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവ് ഇപ്പോൾ വെന്റിലേറ്ററിലാണ്.


യുവാവിന്റെ പരാതിയിൽ ഷവർമ വിറ്റ ഹോട്ടൽ അടച്ചുപൂട്ടാൻ തൃക്കാക്കര നഗരസഭ നിർദേശം നൽകി. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചു. ഹോട്ടലിൽ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.























