വിദ്യാർത്ഥികളെ കയറ്റിയില്ല; തൃശ്ശൂരില്‍ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി

തൃശ്ശൂർ : പെരുമ്പിലാവിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട് ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്നു.

ഇതുവഴി പോകുന്ന സ്വകാര്യ ബസുകള്‍ ഒന്നും സ്റ്റോപ്പിൽ നിർത്തില്ലെന്നും ഞങ്ങളെ കയറ്റുന്നില്ലെന്ന വിദ്യാർത്ഥികൾ പരാതി പറഞ്ഞു. പിന്നാലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിർത്തി വിദ്യാർത്ഥികളെ കയറ്റുകയും ചെയ്തു.

എന്നാൽ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരൻ ഇത് ദീർഘ ദൂര ബസാണെന്നും ഈ ബസിൽ കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. എംപിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ ബസിൽ കയറ്റി വിട്ടു. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു.