ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഭരണഘടനയുടെ 370 ആം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

ജമ്മുകശ്മീരിന് പരമാധികാരമില്ലെന്നും ഭരണഘടനയുടെ 370–ാം അനുച്ഛേദം താല്കാലികമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടമാണെന്ന് ആവര്‍ത്തിച്ച കോടതി പ്രദേശം ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമാണെന്നും ജമ്മുകശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചാണെന്നും കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയിലേക്ക് ചേര്‍ക്കുന്നതിനായി താല്കാലികമായി അനുവദിച്ചതാണ്. യുദ്ധസമാന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത് നീക്കാന്‍ ഭരണഘടനയ്ക്ക് അധികാരമുണ്ടെന്നും വിധിയില്‍ പറയുന്നു.


2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്.























